സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
Posted on: 20 Oct 2012
മലപ്പുറം: സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നു. ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. പൊതുജനങ്ങളുടെയും സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ പരിഗണിച്ചാണ് രാവിലെ 8.30മുതല്‍ 10 വരെയും വൈകീട്ട് 3.30മുതല്‍ അഞ്ചുവരെയും ടിപ്പര്‍ലോറികളുടെ സര്‍വീസ് നിരോധിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര വേദിയായ 'സുതാര്യകേരള' ത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ കത്ത് പരിഗണിച്ചാണ് നടപടി. ജില്ലയിലെ എല്ലാ റോഡുകളിലും നിയന്ത്രണം ബാധകമാണ്. 30 ദിവസത്തിന് ശേഷം നിരോധനം നിലവില്‍ വരുമെന്ന് ആര്‍.ടി.എ സെക്രട്ടറി കൂടിയായ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ അതോറിറ്റി അംഗങ്ങളായ ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍, മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി.വി. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്ത ആര്‍.ടി.എ യോഗത്തില്‍ ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് നിയന്ത്രണം. ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ അമിതവേഗം മൂലം അപകടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
No comments:
Post a Comment